Monday, November 2, 2009

ഒരു കടലാസുകവിത...

വെളുത്ത ഈ കടലാസില്‍
എന്ത് കവിതയാണ് ഞാനെഴുതുക?

കമ്പ്യനും ചാത്തനും മാരിയപ്പനും
മടയാതെ പോയ ഒരു കൊട്ടയുടെ
നീറ്റലുണ്ടതിന്...
വേവാതെ പോയ ചോറിന്റെ മണം.

കടല് കടത്തി കൊണ്ടുപോയ
ഒരായിരം സുഗന്ധങ്ങളുടെ നഷ്ടം.

ചെമ്പന്‍ ഊതാതെ വിട്ടുപോയ
ഒരു കുഴല്‍പ്പാട്ടിന്റെ വേദന.

കാട്ടുവഴിക്കൊപ്പം
ലോറികള്‍ കവര്‍ന്നുപേക്ഷിച്ച
ചെമ്പന്റെ പെണ്ണ് കോയ്മ്മയുടെ
വരണ്ട കണ്ണീര്‍ നനവ്..

കരിഞ്ഞ മുളംകുറ്റിയില്‍
തലതല്ലിച്ചത്ത കാളന്‍ മൂപ്പന്‍
പറയാതെ വിട്ട വാക്കിന്റെ മൌനം.

വെറും വെളുത്ത
ഈ കടലാസു തന്നെ
എഴുതാന്‍ പറ്റാത്തൊരു കവിത.


5 comments:

  1. “മടയാതെ പോയ ഒരു കൊട്ടയുടെ
    നീറ്റലുണ്ടതിന്...
    വേവാതെ പോയ ചോറിന്റെ മണം“

    -കടലാസില്‍ ഒതുങ്ങാത്ത കവിതയും നോവും!

    ReplyDelete
  2. സാരമില്ല...ഇവിടെ കടലാസിന്റെ ചിലവ് ഇല്ല....
    ദൈര്യമായി എഴുതി വിട്ടൊ......

    ReplyDelete
  3. മനോഹരമായ കവിത..ആശംസകൾ

    ReplyDelete
  4. തണല്‍, കൊച്ചുതെമ്മാടി, കാപ്പിലാന്‍, വരവൂരാൻ

    നന്ദി, ഈ പ്രോത്സാഹനത്തിന്.. സന്തോഷം, സ്നേഹം.

    ReplyDelete