Tuesday, February 11, 2014

കാത്

കാത്
കേൾക്കും മുന്നേ
തുരുമ്പിൽ പഴുത്തൊരു കുത്തിൽ
പഴുത്തൊലിച്ചു പോയൊരു വാക്കെന്റെ
തൊണ്ടയിൽ കയ്ചെരിഞ്ഞു ....

എന്തെന്നതോർത്തു പറയുന്നതിൻ മുന്നേ
കേൾക്കാതെ കാറ്റും
കടന്നു പോയ്‌...

കേൾക്കാത്ത
പറയാത്ത
വാക്കേതോ
കാതരികിലെങ്ങൊ
പതിയിരിപ്പുണ്ട്...

ഇല്ലാത്ത നൂലിൽ
കേൾക്കുന്ന കാതു  ഞാൻ
കെട്ടാതെ കെട്ടി പറത്തട്ടെ...!
_____________





ഇമേജ് കടപ്പാട്  : ഗൂഗിൾ 

Tuesday, June 5, 2012

നസീമ ഇന്‍ സൂം...


കാറ്റ്, മഴയോടൊപ്പം അതിന്റെ ശബ്ദത്തെയും കറക്കിക്കളിക്കുന്നതു പോലെ സ്റ്റേഡിയത്തിലെ ആരവം മിന്നുന്ന ഫ്ലാഷുകള്‍ക്കൊപ്പം കറങ്ങിക്കളിച്ചു. ഒരിടിവെട്ടിന്റെ ആഘാതത്തില്‍ ഭയന്ന്, കണ്ണുകള്‍ ഇറുകെയടച്ച് നസീമ കാതുകള്‍ പൊത്തി. ഉള്ളിലെവിടെയോ തട്ടിത്തടഞ്ഞ് ഒരു പാതി അലറിക്കരച്ചിലിനോടൊത്ത് കണ്ണുതുറക്കുമ്പോള്‍ ഓഫീസിന്റെയകം ഒരു സസ്പെന്‍സ് ത്രില്ലെര്‍ മൂവിയുടെ ക്ലൈമാക്സ് രംഗമോടുന്ന തീയറ്റര്‍ പോലെ നിശ്ശബ്ദം!
എപ്പോഴോ തട്ടിത്തെറിച്ചു നിലത്തുവീണ് ചിതറിയ മൊബൈല്‍ ഫോണിന്റെ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് വെച്ച് മീന നസീമയുടെ മുഖത്തേക്ക് തുറിച്ചുനോക്കി ഇരുന്നു.
ഇന്നിത് മൂന്നാമത്തെയോ നാലാമത്തെയോ പ്രാവശ്യമാണ് ഇങ്ങനെയവള്‍ വിചിത്രമായി...
"സംതിംഗ് ഈസ് റോംഗ്" എന്ന ഒഴുക്കന്‍ കമെന്റുകളുടെ കുശുകുശുപ്പുകളില്‍ ഓഫീസിന്റെ ഓരോ ഭാഗങ്ങളും പതിവുജോലികളിലേക്ക് തിരിച്ചുപോകുന്നു. എല്ലാ ക്യുബിക്കിളുകളുടെയും വിടവുകളിലൂടെ കുറേ കണ്ണുകളിറങ്ങിയിഴഞ്ഞുവന്ന് തന്റെ കാലുകളിലൂടെ അരിച്ചരിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാലുകള്‍ കസേരയിലേക്കു കയറ്റിവെച്ച് ചുരുണ്ടിരുന്നു.

കീബോര്‍ഡുകളുടെ ഹൃദയമിടിപ്പിനെ ഇടയ്ക്കിടയ്ക്ക് കീറിമുറിച്ച് പലതരം റിംഗ്ടോണുകള്‍.. ചില ബീപ് ബീപ് ശബ്ദങ്ങള്‍.. കൈകള്‍ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ മീനയുടെ കയ്യില്‍ മുറുകെപ്പിടിച്ചു.
"ലുക്ക് മീനാ.. സംതിംഗ് ഈസ് റോംഗ് വിത് മീ..."
'ഹേയ്, നതിംഗ് ലൈക് ദാറ്റ്.. അസൈന്‍ ചെയ്ത ഈ പ്രോജെക്റ്റ് തീര്‍ന്നാല്‍ തന്നെ താന്‍ ഫ്രീയാകും.. എല്ലാം ഈസിയായി എടുക്കാനുള്ള മെന്‍റ്റാലിറ്റിയാണ് ഈ ഫീല്‍ഡില്‍ വേണ്ടത്' എന്നൊക്കെ മാനേജ്മെന്‍റ് ഭാഷയില്‍ അവള്‍ ഉപദേശിച്ചുകൊണ്ടിരുന്നു.
'വാട്സ് ഗോയിംഗ് ഓണ്‍ ഹിയര്‍? ഹോപ് എവെരിതിംഗ് ഈസ് ഫൈന്‍' എന്ന് മറുപടി ആഗ്രഹിക്കാത്തതും ആവശ്യമില്ലാത്തതുമായ അന്വേഷണമെറിഞ്ഞ് മാനേജര്‍ കിരണ്‍ കടന്നുപോയിട്ടും ആ ഫ്രെയിംലെസ് കണ്ണടയ്ക്കുപിന്നില്‍ നിന്നുമിറങ്ങിവന്ന രണ്ട് ഉണ്ടക്കണ്ണുകള്‍ കുറേ നേരം കൂടി വായുവില്‍ തൂങ്ങിനിന്ന് പേടിപ്പിച്ചുകൊണ്ടിരുന്നു...

വിറയ്ക്കുന്ന ശബ്ദത്തില്‍ നസീമ പറഞ്ഞു, "മീനാ.. ഐ തിംഗ് ഐയാം മാഡ്..."

കാലത്തുമുതല്‍ അനങ്ങാതെ ഒരേയിരിപ്പില്‍ ഇരിക്കുന്നതിന്റെയും ഓവര്‍ സ്റ്റ്റെയിനിന്റെയും പ്രശ്നമാണെന്ന് പറഞ്ഞ് മീന ഒരു കടലാസില്‍ എന്തോ കുറിച്ചുകൊടുത്തു.

"നീ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഈ ടാബ്ലെറ്റ് മേടിക്ക്.. ഒരെണ്ണം കഴിച്ച് ഡോര്‍മെറ്റ്റിയില്‍ പോയി കുറച്ചുനേരം കിടക്ക്.. ഇത്തിരി കഴിയുമ്പോള്‍ നിന്റെ റ്റെന്‍ഷനും പോകും.. എല്ലാം ശരിയാവുകേം ചെയ്യും.."
"ബട്ട് മീനാ.. എനിക്ക്.. എനിക്കെന്തോ..."
"ജസ്റ്റ് ഗോ ആന്റ് റിലാക്സ് ഡിയര്‍.. എനിക്കും കുറേ ജോലി തീര്‍ക്കാനുണ്ട്.." തുടര്‍ന്ന് സംഭാഷണം നടക്കാത്ത പോലെ അവള്‍ സംസാരം അവിടെ നിര്‍ത്തി..

അടുത്ത ബില്‍ഡിംഗിലാണ് ഡോര്‍മെട്റി.. ഓരോ ക്യുബിക്കിള്‍ കടന്നുപോകുമ്പോഴും ഓട്ടോ സൂം ചെയ്യുന്ന കുറേ കണ്ണുകള്‍ ഇറങ്ങി പിന്തുടരാന്‍ തുടങ്ങിയപ്പോള്‍ മുഖവും ശരീരവും ഷാളിനുള്ളിലേക്ക് ചേര്‍ത്തുപിടിച്ച് അവള്‍ നടന്നു, അല്ല, ഓടുകതന്നെയായിരുന്നു...

ഡോര്‍മെട്രിയിലേക്ക് തിരിയുന്ന മൂലയ്ക്ക് തന്റെ മൊബൈല്‍ ഫോണിലേക്ക് തുറിച്ചുനോക്കിനില്‍ക്കുന്ന ഒരു ഹൗസ് കീപ്പിംഗ് ബോയ്. പൊടുന്നനെ തലതിരിച്ച അവന്റെ കൂര്‍ത്ത പല്ലുകള്‍ക്കിടയിലെവിടെയോ ഒളിച്ചുകളിച്ച ഒരു ചിരി. വെള്ളിനിറമുള്ള കണ്ണുകള്‍ പകയുള്ള ഒരു പ്രാണിയെപ്പോലെ പിന്നാലെ വരുന്നുണ്ടെന്ന തിരിച്ചറിവില്‍ കിതച്ച ഒരോട്ടത്തിനൊടുവില്‍ മെയിന്‍ ഗേറ്റും കടന്ന് പുറത്തിറങ്ങി എതോ ഒരു ടാക്സിക്ക് അവള്‍ കൈകാണിച്ചു.
വിലാസം പറഞ്ഞ് "വേഗം വേഗം" എന്ന് ഡ്രൈവറോട് കിതച്ചുപറയുമ്പോള്‍ ഓഫീസും ഗേറ്റും വലിയ റോഡും ഒരുപാടൊരുപാട് കണ്ണുകളും പുറകോട്ടു പുറകോട്ട് വലിഞ്ഞു പോയി...

ഇടയ്ക്കിടെ റിയര്‍വ്യൂ മിററില്‍ വന്നുപോകുന്ന ഡ്രൈവറുടെ കണ്ണുകളില്‍ കൃഷ്ണമണിക്ക് പകരം വലിയ കുഴികളാണെന്ന് തോന്നിയപ്പോള്‍ നസീമ സീറ്റിനുപിന്നിലേക്ക് ഒതുങ്ങി, ഷാള്‍ കൊണ്ട് തല മൂടി. കണ്ണുകള്‍ ഇറുകെയടച്ചു...

വാതില്‍ വലിച്ചു തുറന്ന് കടക്കുമ്പോള്‍ സോഫയില്‍ സഹീര്‍, ചേച്ചിയുടെ ഭര്‍ത്താവ്...
'എന്താ നസീമാ ഒരു വല്ലായ്മ്മ?' എന്ന് ചോദിക്കുമ്പോള്‍ പെര്‍ഫ്യൂമിന്റെയും മൗത്ത് ഫ്രഷ്നറിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കയ്യിലെ മൊബൈല്‍ ഫോണിലേക്ക് രണ്ട് ചാണകപ്പുഴുക്കളെപ്പോലെ ഇഴഞ്ഞിറങ്ങുന്ന കണ്ണുകളെ കണ്ടതും അവള്‍ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു.

സ്വിച്ച് ഇട്ടപ്പോള്‍ വലിയ ഫ്ലഡ് ലൈറ്റുകള്‍ തെളിഞ്ഞു. കാറ്റിനോടൊപ്പം ആര്‍പ്പുവിളികള്‍ കാതിലലച്ചു. ചുറ്റില്‍നിന്നും ക്യാമറക്കണ്ണുകള്‍ വിചിത്രജീവികളെപ്പോലെ ഇറങ്ങിവന്നു. സ്റ്റേഡിയത്തിന്റെ നടുത്തളത്തില്‍ തെളിഞ്ഞ സ്പോട്ട് ലൈറ്റില്‍ നഗ്നയായി അവളിരുന്നു. ശരീരത്തിലേക്ക് അരിച്ചരിച്ചു കയറുന്ന കണ്ണുകളെ ഭയന്ന് അവള്‍ അലറിക്കരഞ്ഞു.
"ഉമ്മാ...."
"എന്താ.. എന്താ നസീമാ.. എന്താ അനക്കു പറ്റിയേ..?"
"ഉമ്മാ. സൂക്ഷിക്കണേ.. എല്ലായിടത്തും കണ്ണുകളാ.. എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍..
നിഴലുപോലെ.. പതുങ്ങിപ്പതുങ്ങിയിരിക്കുകയാ ഒപ്പിയൊപ്പിയെടുക്കാന്‍.............
ഉമ്മാ.. എനിക്കൊന്ന് മൂത്രമൊഴിക്കണം.. നമ്മുടെ ബാത്ത് റൂമിനെപ്പോലും എനിക്കിപ്പോ പേടിയാണുമ്മാ...."
പൊട്ടിക്കരയാന്‍ തുടങ്ങിയ അവളെ ഉമ്മ ചേര്‍ത്തുപിടിച്ചു...
മിന്നിത്തെളിയുന്ന ക്യാമറക്കണ്ണുകളെ മറച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവള്‍ ഉടുപ്പിലേക്ക് മൂത്രമൊഴിച്ചു...

 

ഒട്ടകപ്പക്ഷി


മറവിയുടെ ചെറുനൂലിനപ്പുറം
മരണമെവിടെയോ വഴി നടക്കുന്നു.
എല്ലാമറിഞ്ഞുമറിയാത്ത പോല്‍
തലപൂഴ്ത്തുന്നു ഞാനുമൊരുമറവിയില്‍...
പൊള്ളുന്ന മണലാണ്‌ ; വേവും
പാതി വഴിയില്‍ കരിഞ്ഞ പുഴകളും...
മണലു തിന്നുന്ന കാറ്റും സമയവും
വഴിയിലെങ്ങോ വേരറ്റ നോക്കും.
ഉള്ളില്‍ നനവൂറുമൊരു കള്ളിയെങ്കിലും
കാണും കരിഞ്ഞു പോയാലും.

കണ്ണൊന്നടയ്ക്കട്ടെ ഞാന്‍ നിമിനേരമെങ്കിലും
നിന്‍റെ മണമുള്ള മണ്ണൊന്നറിയട്ടെ..!

 

Monday, July 5, 2010

പച്ച നെറത്തില് ഒരു കാട്....



ഇയ്യെടബയീല് ഒറ്റയ്ക്ക് നടക്കരുത്ന്ന് അമ്മ പലവട്ടം പറഞ്ഞേക്കണ്.. പാമ്പ് ണ്ടാവൂന്ന്.. ന്നാലും ഇനിക്കി നടക്കാണ്ടിരിക്കാന് പറ്റൂലാല്ലോ.. കാരാപ്പൊയ നീന്തിക്കടന്ന് തെയ്യോന്‍, ന്റെ ചെക്കന്‍ ബെരും.. പനച്ചിപ്പാറേടെ പിന്നില് കാത്ത് കുത്തിരിക്കും.. ഈ കുന്നും കൂടി കേറി എറങ്ങണം.. ഇന്ന് ഇത്തിരി ബൈഗീക്ക്ണ്.. ഓന്‍ കൊറേ നേരായിട്ട് കാത്ത് നിക്കണണ്ടാവും... കരിമ്പച്ച നെറത്തില് കാട് കൂട്ടിരിക്കും..
"പറായിയേ.. ങ്ങ്യെന്താ ബരാന്‍ ബയ്ക്യേ? നിക്ക് തിരിച്ച് പോണംന്ന് അനക്കറിഞ്ഞൂടേ?"
"എല്ലാടത്തും പോലീസ്കാരല്ലേ... കണ്ണീപ്പെടാണ്ടെ പോരണ്ടേ.. ആരേലും കിട്ടാന് കാത്ത് നില്‍ക്കാ അവനുമ്മാര്..."
"അണക്കത് പറയാ തെയ്യോനേ.. ഇബടെ പ്പോ ഓരോ പെണ്ണിന്റേം ജീബിതം ഈ കാടിന്റെ പോലെ തന്നെ.. ഒറങ്ങാതെ പേടിച്ച് പേടിച്ച്... ന്റെ കണ്ണിന്റെ മുമ്പില് ബെച്ചല്ലേ അന്നെ ഓരൊക്കെ കൂടി ബെലിച്ചു കൊണ്ടോയത്.. മറക്കൂലാ ഒന്നും ഞാന്..."
"ഉം...."
"നോക്ക്.. ഏതോ ഒര് ബെളിച്ചം.. അന്നേം തെരഞ്ഞ് ബെരുന്നോര് ആരേലും ആയിരിക്കും... ഒന്ന് കേറി മറഞ്ഞ് നിക്കാന് ഒര് കുറ്റിക്കാട് പൊലും ബെച്ചേക്കണില്ലല്ലോ എല്ലാരും... ബിറ്റാ കാശ് കിട്ടുംന്നാ എല്ലാം ബിക്കും ഓര്.. കാടും, അമ്മേം, പെങ്ങളേം.. എല്ലാം...."
"ഒച്ച ബെക്കല്ലേ.. ഓരൊക്കെ ബെറും യന്ത്രങ്ങള് മാത്രാണ്... മോളിലിരിക്കുന്നോമ്മാര് പറയണത് കേട്ട് മാത്രം ജീബിക്കുന്ന പണിക്കാര്... അബര് അടിക്കാന്‍ പറഞ്ഞാല് അടിക്കും.. തുള്ളാന്‍ പറഞ്ഞാല് തുള്ളും.. പാവകള്.... അനക്കതൊന്നും പറഞ്ഞാല് മനസ്സിലാഗൂലാ..."
"ഓ.. ഇനിയ്ക്കൊന്നും മനസ്സിലാഗൂലാ.. അന്നെപ്പൊലെ ഞാന് പള്ളിക്കൂടത്തില് പോയിക്കിണില്ലാലോ... ഒരു ബെല്യ പടിത്തക്കാരന്.... "
"ഇങ്ങന കെറുബിക്കല്ലേ പറായിക്കുട്ട്യൊ... അനക്കിപ്പൊ എങ്ങന.. ബേദന കൊറവ്ണ്ടാ? പിന്നേം ബന്നിനാ അബമ്മാര്....?"
"ഹ്ം... ഇദ് കണ്ടാ.. ചോര കല്ലിച്ചീക്ക്ണ്... അന്നേശണം ന്ന് പറഞ്ഞ് ബെരുന്ന നായ്ക്കള് ചെയ്യിന്നതാ.. ഇനിക്കറിയാ.. എന്തിനാ അബമ്മാര് ചൊറഞ്ഞ് കളിക്കണത്ന്ന്... "
"അന്നെ ഓര് കൈബച്ചാ..? തൊട്ടാ ബെട്ടി കൊന്നേക്ക്.. ജയിലീ പോയാലും കൊയപ്പല്ല... ഒന്നൂല്ലെല്, ഞാനൂണ്ടല്ലാ അട്ത്ത ജെയില്ല്..."
"ബെട്ടാന്‍ മടി ണ്ടായിട്ടല്ലാ.. പള്ളേല് പെടക്ക്ണ അന്റെ ജീബനുണ്ടല്ലാ... അത് ആലോയിച്ച് മാത്രാണ്... ന്നാള്, ഒരുത്തന്‍ കേറി പിടിക്കാന്‍ ബന്നതാ... ഞാന് ബാക്കത്തി ബീശി... ഓന്‍ കാട്ടിലേക്ക് പാഞ്ഞ് പോയി.. ആ പോക്കിലാന്ന് അന്നായി കയിഞ്ഞ മാസം മാത്രം ബയസുക്ക് ബന്ന ബെള്ളന്റെ മോളെ.... പിറ്റേന്ന് ചോരേല് കുളിച്ച് കെടക്കണ്.. ഈ കാരാപ്പൊയേട കരേല്... പച്ചയ്ക്ക് കരിക്കണ്ടേ ഓനെയൊക്കെ.... "
" ഉം... നാട് മുടിഞ്ഞപ്പോ എല്ലാര്‍ക്കും കാടു ബേണം.. ഈ പൊയ ബേണം.. നമ്മന്റെ പെണ്ണുങ്ങള് ബേണം... ലോകം ബല്ലാണ്ട് കെട്ടു പോയേക്കണ് പറായിയേ... "
"ഉം.. അന്നെ ജയിലിന്ന് ഓലിപ്പളും....?!"
" ഓരോര്ത്തര് മാറി മാറി ബെരും.. കൈത്തരിപ്പ് തീര്‍ക്കും.. ഇനിക്കി ചന്നനം കടത്തലാ പണീന്ന് എല്ലരോടും പറഞ്ഞ് നടക്ക്ണ് എല്ലാരും.. നാള പാറ പൊട്ടിക്കാന്‍ കൊണ്ടൊവാണ്... പൊലച്ച തന്ന എണീപ്പിച്ചോണ്ടു പോഗും... "
"ന്നാ ബെറുതേ ബൈക്കണ്ടാ... ഒറങ്ങിക്കോ.. പൊലച്ച എണീക്കണ്ടേ.. ഒറങ്ങിക്കോ.."
"ന്നാ ഇങ്ങ്യും ഒറങ്ങിക്കോ.. രണ്ട് ജീബനുണ്ടല്ലേ.. ഇബ്ബയ്യാത്ത ഒടലും കൊണ്ട് പോയി കൊട്ട മടയണ്ടേ അട്പ്പില് തീയ് പൊകയാന്.. ഒറങ്ങിക്കോ..."
" ഉം.. ഒറങ്ങണം. എല്ലാ ദൈബങ്ങളോടും ഒന്ന് മാത്രേ ഇനിക്ക് പറയാനുള്ളൂ... ഇത്തറ ദൂരത്താണേലും നെന്റെ കൂട ഒറക്കത്തിലെങ്കിലും ഇങ്ങന ഇരിക്കാന്‍ പറ്റണേന്ന്... "
"എല്ലാ ബേദനേം ഞാന് സഹിക്കണതും ഇയ്യൊരൊറ്റക്കാരണം കൊണ്ടു മാത്രാ ന്റെ പറായിയേ... ന്റെ സൊപ്നത്തില് നിന്ന് അന്റെ സൊപ്നത്തിലേക്ക് കേറി ബരുമ്പോ തോക്കും ചൂണ്ടി ഒര് നായിന്റെ മോനും ബരൂല്ലല്ലോ...."
"ഉം.. മ്മളെ സൊപ്നത്തില് കേറി ആട്ത്തെ പച്ചക്കാട് ബെട്ടാന്‍ ഒരുത്തനും പറ്റൂല്ലല്ലോ... മ്മളെ കാരാപ്പയേല് മരം ഒലിപ്പിച്ചോണ്ട് പോഗാന്‍ ആരിക്കും പറ്റൂല്ലല്ലോ..."
"എന്നാ ഇങ്ങി ഒറങ്ങിക്കോ.. നാളേം ബരണം..."
"ഇയ്യും ഒറങ്ങിക്കോ.... ഇനിയ്ക്കറിയാം അനക്ക് നാളേം ബരാണ്ടിരിക്കാന്‍ പറ്റൂലാന്ന്.... "
..............
____________________________________________
Image courtesy:http://google.com
Thanks to Jigish's discussion

Saturday, June 12, 2010

കല്യാണിമാവ്




പള്ളിക്കൂടം വിട്ടു വരുമ്പോള്‍
കളത്തിങ്കല്‍ പറമ്പിന്റെ
ഇല്ലിവേലിയ്ക്കപ്പുറത്ത്
തെക്കേ മൂലയ്ക്കെ നാട്ടുമാവില്‍
കെട്ടിപ്പിടിച്ചു നില്‍പ്പുണ്ടാവും കല്യാണി.

പുഴുകുത്തിയ പല്ലുകാട്ടി പറയും
'നിയ്ക്കും ഇതിനും ഒരേ വയസ്സാ'ന്ന്.
ഞങ്ങള്‍ കളിയാക്കി വിളിക്കും
'കല്യാണിമാവേ കല്യാണിമാവേ'ന്ന്‍

നാട്ടുമാവ് പൂത്ത ശേഷം
ഇടവക്കത്തധികം
വന്നു നില്ക്കാറില്ലവള്‍.
ചുമ്മാ ഒരു കല്ലെറിഞ്ഞാല്‍
നാണിത്തള്ള ഓടിച്ചു വിടും
'പോയിനെടാ പുള്ളാരേ'ന്ന്‍.

എന്തേ ഈവട്ടം കായ്ക്കാത്തതെന്ന്‍
വാടിയ മാവ് നോക്കി
ഒരിക്കലെപ്പോഴോ
വാ പൊളിച്ചു നിന്നപ്പോള്‍
വത്സലേച്ചി പറഞ്ഞു
അവളെ എങ്ങാണ്ടേക്കോ
കെട്ടിക്കൊണ്ടു പോയെന്ന്‍.
കെട്ടിയോന്‍ ചത്തു പോയത്രേ. !

നാണിത്തള്ള ചത്തയിടയ്ക്ക്
ഇടവഴി റോഡായി.
വേലി പോയി
മാവ് റോഡു വക്കിലായി.

വരുന്നോരും പോണോരും
ചുമ്മാ
ഓരോ കല്ലെറിഞ്ഞോണ്ട് പോകും.
ചോദിക്കാന്‍ ആരും വന്നില്ല.

ഒരു കണ്ണെങ്കിലും വെക്കാതെ
ആവഴി ആരും കടന്നു പോയില്ല.

കഴിഞ്ഞ വേനലില്‍ ഉണങ്ങിയതാ
കല്യാണി മാവ്.
പുഴുത്ത ഉടല് തൂക്കി വെച്ച്
കല്യാണി പോയ അന്ന്...!

Friday, June 4, 2010

എന്റെ രാത്രി..




1.മുറി


അലസമായഴിച്ചു വലിച്ചെറിഞ്ഞ
പകലിന്റെ മുഷിഞ്ഞ വിയര്‍പ്പുകള്‍...
അലക്കിയാലും വെളുക്കാതെ
അയയില്‍
കരിമ്പനടിച്ച ഒരു തോര്‍ത്ത്..

2.ജനാല

ആകാശം നിറച്ചും നക്ഷത്രങ്ങള്‍ വേണമെന്ന്
കുഞ്ഞിലേ വാശി
അടുത്ത കെട്ടിടത്തിന്റെ പിന്നാമ്പുറത്തേക്ക്
എന്നേക്കുമായി അടച്ച
ഒരു വഴി.

3.കിടക്ക

ഭ്രാന്തിനും
മരണത്തിനും ഇടയില്‍
കുത്തിനിറച്ച
പഴകിയ പഞ്ഞി.
അഗ്നിപര്‍വ്വതത്തിന്റെ പുറന്തോടു പോലെ
പുതച്ചിരിക്കുന്നൂ വിരിപ്പ്...

4.തലയിണ

ചുരുട്ടി മടക്കാവുന്ന ഒരു കടല്‍.
മുഖമമര്‍ത്തുമ്പോള്‍
കുടിച്ചു വറ്റിച്ച ഉപ്പുമണം
കണ്ണീര്‍‍ച്ചൊരുക്ക്...
വലിച്ചു കീറുമ്പോള്‍
പറന്നു നിറയുന്ന വെളുത്ത ചോര.


5.പുതപ്പ്

പുറത്തിരുട്ടല്ലെന്നുറയ്ക്കാന്‍
എനിക്കും
രാത്രിക്കുമിടയില്‍ വലിച്ചിട്ട
ഒരുറപ്പ്....

__________________

(ജിഗീഷിന്റെ കവിതാ കളരിയില്‍ ചേര്‍ത്തതാണ് ഇത്. ഇവിടെ ഒരിക്കല്‍ കൂടെ നിങ്ങളുടെ വായനയ്ക്കു വെക്കുന്നു, വേദനകള്‍ എന്റേതു മാത്രമാവട്ടെ...)

Sunday, March 28, 2010

പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്....



രഞ്ജിത്തിന്‍റെ നിര്‍ബന്ധമാണ്‌ ഇത്രയും ദൂരെ ഒരു സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കാരണം.. ചിലപ്പോള്‍ തോന്നാറുണ്ട് മലയാള സാഹിത്യത്തെ കുറിച്ച് കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത് പുറത്താണെന്ന്.. പക്ഷെ എല്ലാം അവസാനിക്കുന്നത് പതിവ് പല്ലിട കുത്തി മണക്കലില്‍ തന്നെ.. എന്തൊക്കെ സംസാരിച്ചുവെന്നോ മറുപടികള്‍ പറഞ്ഞുവെന്നോ ഒന്നും ഓര്‍മ്മയില്ല.. "കഥയിലെ പെണ്‍ വഴികള്‍" ആണ് വിഷയം. മടുത്തു പെണ്ണെഴുത്തും ആണെഴുത്തും... തല പെരുത്തപ്പോഴാണ് രഞ്ജിത്തിനെ വിളിച്ച് ഒന്ന് റൂമില്‍ വിട്ടു തരാമോ എന്ന് ചോദിച്ചത്..
കാറില്‍ ഇരിക്കുമ്പോള്‍ അവന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പലതിനും അലക്ഷ്യമായി മൂളിക്കൊണ്ടിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാവണം സംസാരം നിര്‍ത്തി അവനേതോ പഴയ ഹിന്ദി ഗാനം മൂളാന്‍ തുടങ്ങി.
'രഞ്ജിത്ത്, എനിക്ക് ഒരുപകാരം ചെയ്യാമോ.. എന്‍റെ കൂടെ ഒരിടം വരെ വരാമോ? എനിക്കാണേല്‍ ഇവിടെ എവിടെയും പരിചയമില്ല, ഭാഷയും വശമില്ല.."
പാട്ട് നിര്‍ത്തി അവന്‍ വാചാലനായി.
"ഇങ്ങനെ ഒരുപാട് അപേക്ഷിക്കേണ്ട കാര്യമുണ്ടോ മാഡം? എന്‍റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ കൂടെ ഒരു യാത്ര.. അല്‍പ സ്വല്പം കഥയും കവിതയും നെഞ്ചില്‍ കൊണ്ട് നടക്കുന്ന കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും കാണാന്‍.. ഭാഗ്യവാനാണ് ഞാന്‍.. ഒരുപാട് സന്തോഷം തോന്നുന്നു.. "
എനിക്കെന്തോ ചിരിയാണ് വന്നത്.. എഴുതുന്നത്‌ കഥകള്‍ അല്ല, ജീവിതം തന്നെയാണ് അനിയാ എന്ന് പറയണം എന്ന് തോന്നി.
"മാഡം എവിടെയാ പോവേണ്ടത് എന്ന് പറഞ്ഞില്ല.. "
"ഓ അതോ.. ഒരു ദോഡ നഹള്ളി.. എന്നെ അവിടെ ഒന്ന് എത്തിക്കാമോ?"
"ഇവിടെ ഒരുപാട് ഹള്ളികളുണ്ട്.. ഇത് കേട്ടിട്ടില്ല.. ഒരുപക്ഷെ സിറ്റിയ്ക്ക് പുറത്തു എവിടെയെങ്കിലും ആയിരിക്കും.. ഞാന്‍ ഒന്നന്വേഷിക്കട്ടെ.. "
അവന്‍ ആരെയൊക്കെയോ വിളിച്ച് തമിഴിലും കന്നടയിലും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഹാന്‍ഡ് ബാഗില്‍ നിന്നും എന്‍റെ പഴയ ഡയറി എടുക്കാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അനിലാണ്.. ഭാര്യയെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു..
എന്തൊക്കെയോ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു അനില്‍. ഏതോ മീറ്റിങ്ങിനു ചെന്നെയില്‍ പോകണം, താക്കോല്‍ താഴത്തെ ഫ്ലാറ്റിലെ രാമചന്ദ്രനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നൊക്കെ എന്തൊക്കെയോ.. ഞാനും വരാന്‍ വൈകിയേക്കും എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.. അവനു ദേഷ്യം പിടിച്ചു കാണുമോ? സാധ്യത കുറവാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഒന്ന് വെറുതെ വഴക്ക് പറയാന്‍ പോലും സമയമില്ലാതെ.. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍.. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഒരേ മുറിയില്‍ ചെറുതാകുന്ന രണ്ടു ദ്വീപുകള്‍.. വിവാഹം എന്നത് ചിലപ്പോള്‍ ഉത്തരം കണ്ടു പിടിക്കാന്‍ ആവാതെ നീണ്ടു നീണ്ടു പോകുന്ന ഒരു പസില്‍ ആണ് എന്ന് തോന്നിപ്പോകുന്നു..
"മാഡം, ആ സ്ഥലം ഇവിടെ നിന്ന് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യാന്‍ കാണും.. സിറ്റിയുടെ അടുത്തൊന്നും അല്ല.. ഒരു കാട്ടുപ്രദേശമാണ് എന്നാണ് അറിഞ്ഞത്. തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കട്ടെ, ആരെയാണ് കാണേണ്ടത്?"

എന്‍റെ ജോഫിയെ കാണാനാണ് എന്ന് വിളിച്ച് പറയാന്‍ തോന്നി.. വേണ്ട, ഒരു സുഹൃത്തിനെ എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു...
" ഇപ്പൊ ഇവിടെ നിന്നും തുടങ്ങിയാല്‍ എത്തുമ്പോള്‍ ആറു മണിയെങ്കിലും ആവും.. ഇന്ന് തന്നെ പോകണോ അതോ നാളെ കാലത്തോ..?"
"ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം നേരത്തെ എത്തിയാല്‍ നന്നായിരുന്നു രഞ്ജിത്ത്.. "
എന്‍റെ മനസ്സ് വായിച്ച പോലെ അവന്‍ കാറ് തിരിച്ചു. ക്ഷീണം തോന്നുന്നെങ്കില്‍ ഒന്ന് മയങ്ങിക്കോളൂ, എത്താറാകുമ്പോള്‍ വിളിക്കാം എന്ന് പറഞ്ഞു പരമാവധി വേഗത്തില്‍ പോവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്‍...

ഡയറിയുടെ പഴക്കം മണക്കുന്ന പേജുകളില്‍ അവിടവിടെയായി ജോഫിയുടെ കുറിപ്പുകള്‍.. ലിറ്റരേച്ചര്‍ ക്ലാസിലെ മരണത്തെ സ്നേഹിച്ചു നടന്ന പൊട്ടിപ്പെണ്ണിന് ജീവിതത്തെ എത്രമാത്രം സ്നേഹിക്കണമെന്നു പഠിപ്പിച്ചു തന്നിരുന്ന വരികള്‍ ..
പല്ലപ്പോഴും ഞാനവനോട് പറഞ്ഞിട്ടുണ്ട്, എടോ അച്ചന്‍കുഞ്ഞേ, നീയൊരു പുരോഹിതന്‍ ആവേണ്ടവനാണ്, അല്ലാതെ ഇത്രയും പൈങ്കിളി ആവല്ലേ എന്ന്.. പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറയും, ലളിതാ, ജീവിതം പലപ്പോഴും ഒരു പൈങ്കിളിക്കഥയേക്കാള്‍ പൈങ്കിളി ആണെന്ന്..
അവസാനത്തെ പേജില്‍ എഴുതിയിരിക്കുന്നു.. 'പശുക്കളെ പോലെയാണ് നമ്മള്‍.. സ്വാതന്ത്ര്യം കഴുത്തില്‍ കുരുങ്ങിയ ഒരു കയറു വരയ്ക്കുന്ന ചെറിയൊരു വൃത്തത്തിലെ ഒരു ആഘോഷം.. മാത്രമാണ്..- ജോസഫ്‌ സാമുവല്‍.'
പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്, ശരി തന്നെ ആവും അതെന്ന്‌... എന്‍റെ ജോഫി, ഞാന്‍ എന്താണെന്ന്, എന്‍റെ പ്രണയം എന്തെന്ന് നിനക്കറിയുന്ന പോലെ മറ്റാരും അറിഞ്ഞിട്ടില്ല എന്നത്.. അതിരുകള്‍ക്കുള്ളിലെ നിലകിട്ടാത്ത കറക്കങ്ങള്‍..
"മാഡം, അവിടെ എവിടെയാണ് പോവേണ്ടതെന്നു ഇനിയും പറഞ്ഞിട്ടില്ല ട്ടോ.."
അവിചാരിതമായി കാണു മുട്ടിയ ഒരു പഴയ സുഹൃത്തിന്റെ വിസിറ്റിംഗ് കാര്‍ഡിന്റെ പിറകില്‍ കുറിച്ച് വെച്ച അഡ്രെസ്സ് ഒന്ന് കൂടെ ഉറപ്പിച്ചിട്ട്‌ അവിടെ ഒരു സ്നേഹാശ്രമം ഉണ്ട് എന്ന് പറഞ്ഞു.. അവന്‍ വീണ്ടും മൂളിപ്പാട്ടിലേക്ക് മടങ്ങി..
എപ്പോഴാണ് മയങ്ങിപ്പോയത് എന്നോര്‍മ്മയില്ല. ഇവിടം വരെയേ വണ്ടി പോവൂ, ഇനി ഒന്നൊന്നര കിലോമീറ്റര്‍ നടക്കാനുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് രഞ്ജിത്ത് പറഞ്ഞപ്പോഴാണ് ഉണര്‍ന്നു പോയത്..
അവനും കൂടെ വരാന്‍ തുടങ്ങി. നാളെ ഉച്ചയ്ക്ക് മുന്‍പ് വന്നു കൂട്ടിയാല്‍ മതി എന്ന് ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ പോകാന്‍ പകുതി മനസ്സോടെ സമ്മതിച്ചത്.. മൊബൈല്‍ റേഞ്ച് കിട്ടാത്ത സ്ഥലമായത് കൊണ്ട് പന്ത്രണ്ടു മണിക്ക് തന്നെ റെഡി ആകണം എന്ന് രണ്ടു മൂന്നു തവണ അവന്‍ പറഞ്ഞു. കുറെ ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോഴും അവന്‍ അവിടെ നിന്ന് അനങ്ങിയിട്ടില്ലായിരുന്നു..
ശരിക്കും നഗരങ്ങളില്‍ നിന്നും കാടുകളിലേക്ക് അകലം വളരെ കുറവാണെന്ന് തോന്നി. ചീകി വെച്ച പോലെ വെട്ടിയൊതുക്കി വെച്ച ചെടികളാണ് രണ്ടു വശങ്ങളിലും.. പുതിയ ജീവനും ഉന്മേഷവും കൊണ്ട് വരുന്ന ശുദ്ധ വായു.. ദൂരെ നിന്നും കാണുമ്പോള്‍ ഒരു ഫാം ഹൌസ് ആണെന്ന് തോന്നിച്ചു, സ്നേഹാശ്രമം..

മുന്‍പില്‍ ഒരു വലിയ മണി തൂക്കി വെച്ചിട്ടുണ്ട്, സന്ദര്‍ശകര്‍ക്ക് വേണ്ടി.. കയറിന്റെ തുമ്പില്‍ പിടിച്ചു വലിച്ചു..
വാതില്‍ തുറന്നു വന്നത്, ജോഫി.. എന്‍റെ ജോഫി.. പെട്ടെന്ന് ആ പഴയ കോളേജ് വിദ്യാര്‍ഥിനി ആയ പോലെ..
ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവന്‍ പറഞ്ഞു..
"ലളിത, എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കല്‍ ഈ വഴി തേടി നീ വരുമെന്ന്.. പക്ഷെ ഇത്ര പെട്ടെന്ന് .. വാ അകത്തേക്കിരിക്കാം..." സ്വപ്നമല്ല എന്ന തിരിച്ചറിവിലേക്ക് വരാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു..

എന്‍റെ സാഹിത്യ ജീവിതത്തെ കുറിച്ചും ഏറ്റവും അടുത്തു പുറത്തിറങ്ങിയ കഥാ സമാഹാരത്തെ കുറിച്ചും അവന്‍ വാചാലനായി.. എന്‍റെ കണ്ണുകള്‍ അപ്പോഴും ചുവരിലെ ഫോട്ടോകളില്‍ തന്നെ ഉടക്കി നിന്നു... ഒരു മൂലയ്ക്ക് ഞങ്ങളുടെ ഫെയര്‍വെല്‍ ഫോട്ടോ. കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതിനു മുന്‍പ് അവസാനമായി കണ്ട ദിവസം..
രണ്ടു വര്‍ഷത്തോളം പറയാതെ കൂട്ടിവെച്ചത് എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞത്.. എവിടെയാണെന്ന് നില്‍ക്കുന്നത് എന്ന് പോലും മറന്ന് പ്രൊഫസര്‍ അച്ചന്മാരുടെ മുന്‍പില്‍ വെച്ച് ജോഫിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്.. അതിനു ജോഫിയെ പണിഷ് ചെയ്തു വേറെ എങ്ങോട്ടോ മാറ്റി എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു അറിഞ്ഞത്..

"ജോഫി, ഒരുപാട് അന്വേഷിച്ചിരുന്നു ഞാന്‍..."
"ലളിതാ, ഞാന്‍ ഇപ്പൊ ആ പഴയ ജോഫി അല്ല കേട്ടോ.. ഇപ്പോള്‍ ഫാദര്‍ ജോസഫ്‌ തോട്ടനാനി.. ഹ..ഹ.."
"താന്‍ പോടോ.. എനിക്ക് എന്നും നീ എന്‍റെ ജോഫി തന്നെയാണ്.. എന്‍റെ അതിരില്ലാത്ത പ്രണയം..."
ഭര്‍ത്താവിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ചോദിച്ചു അവന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു..

"ജോഫീ, ഇപ്പോഴും നീ സൂക്ഷിച്ചിട്ടുണ്ടോ, എന്‍റെ പ്രണയ സമ്മാനം... നീ ചോദിച്ചു വാങ്ങിയത്.. നീ പറഞ്ഞിരുന്നില്ലേ എത്ര കാലം കഴിഞ്ഞാലും നീയത് സൂക്ഷിച്ചു വെക്കുമെന്ന്.. "

പ്രതീക്ഷിക്കാത്ത ചോദ്യമായത്‌ കൊണ്ടാവണം, പരിഭ്രമത്തിന്റെ ഒരു നിഴല്‍ ആ മുഖത്തു കൂടെ മിന്നി മാഞ്ഞത്.. അകത്തു പോയി അവന്‍ ഒരു ചെറിയ പെട്ടിയുമായി തിരിച്ചു വന്നു.. എന്‍റെ മുന്‍പിലേക്ക് നീക്കിവെച്ചു തുറന്നു...
അതെ, അതേ സാനിട്ടറി നാപ്കിന്‍. എന്‍റെ ആര്‍ത്തവ രക്തം പുരണ്ടത്.. ലോകത്തില്‍ ഇന്നേവരെ ഒരു കാമുകനും ആവശ്യപ്പെടാത്ത പ്രണയ സമ്മാനം.. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു..
എന്‍റെ ജോഫീ.. നിനക്ക് വട്ടാണ്.. മുഴുവട്ട്..

"ലളിതാ, ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജ സങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."

ഒന്നുറക്കെ കരയണം എന്ന് തോന്നി.. വസ്ത്രങ്ങള്‍ ഒരു മറ ആണെന്ന് അവന്‍റെ വസ്ത്രങ്ങള്‍ ഒരു വെളുത്ത ചിരിയില്‍ എന്നെ ഓര്‍മ്മിപ്പിച്ചു.. ഒരു മറവില്‍.. ഒരുപാട് പശുക്കള്‍ക്കൊപ്പം...

എന്‍റെ എത്രയും പ്രിയപ്പെട്ട ജോഫീ, ശരി തെറ്റുകളില്‍ എന്‍റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.. വിശ്വാസങ്ങളും വസ്ത്രങ്ങള്‍ പോലെ തന്നെ ഒരു മറ ആവണം, അല്ലെ?
ഒരിക്കല്‍, ഒരു നിമിഷമെങ്കിലും എനിക്ക് ഞാനായിരിക്കണം.. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു നിന്‍റെ മുന്‍പിലെങ്കിലും എനിക്ക് നഗ്നയാവണം... മറന്നു പോയ കരച്ചിലുകള്‍ എല്ലാം തന്നെ എനിക്ക് കരഞ്ഞു തീര്‍ക്കണം....