Thursday, November 12, 2009

കണ്ണി...

മൂന്നാമത്തെ കണ്ണ് മുളച്ചപ്പോള്‍ അവര്‍
അവളെ ആദ്യം മുക്കണ്ണി എന്ന് വിളിച്ചു.

പിന്നെപ്പിന്നെ കണ്ണി എന്ന് മാത്രമായി.

ഒരിക്കലും ഉറങ്ങാത്ത പോളയില്ലാ കണ്ണിനെ കുറിച്ച്
അതിന്‍റെ കാഴ്ചകളെ കുറിച്ച്
അവര്‍ അസൂയപ്പെട്ടു

എന്തൊക്കെയാവും കാണുകയെന്ന്
ആശ്ചര്യപ്പെട്ടു.

പറയാന്‍ പാടില്ലെന്ന് പറഞ്ഞു വെച്ചവ
പറയാന്‍ തുടങ്ങിയപ്പോള്‍,
പറഞ്ഞതെല്ലാം അറം പറ്റിയപ്പോള്‍
കരിങ്കണ്ണി എന്ന് വിളിച്ചു തുടങ്ങി.

എപ്പോഴോ, കാഴ്ചകള്‍
വേറെവേറെയെന്നറിഞ്ഞുകൊണ്ടാവണം
കള്ളി എന്ന് മാത്രമായി
പിന്നെ വിളികള്‍.
കള്ളി...!!!

Monday, November 9, 2009

പ്രണയത്തിന്റെ ഫോസില്‍...

ഓര്‍മ്മയിലെവിടെയോ ഒട്ടിക്കിടന്ന
ഒരു ചെതുമ്പലിനെ കുറിച്ചുള്ള
അന്വേഷണങ്ങളാണ്
ഒരു കടലിനെ ഓക്കാനിപ്പിച്ചത്...

വരച്ചു വെച്ച
അക്ഷാംശ രേഖാംശങ്ങള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടിയത്‌...
ഒരു വേനലില്‍
വെന്താവിയായായ്‌ പോയത്...
പിന്നീടൊരിക്കല്‍
മഴയായ്‌ നിറഞ്ഞു പെയ്തത്...
അങ്ങനെ
ഏതോ ധ്രുവത്തില്‍
മഞ്ഞായ്‌ ഉറഞ്ഞു പോയത്..

ഒറ്റയ്ക്കാവുന്ന രാത്രികള്‍
ചിലപ്പോള്‍
വിരലുകള്‍ പോലെ തന്നെ ആവണം..
തൊണ്ടയില്‍
ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
ഓക്കാനിപ്പിച്ചേക്കും...


Friday, November 6, 2009

അടയ്ക്കാത്ത ജനാല...

നഗരത്തില്‍ ജീവിക്കുമ്പോള്‍
ഒരു നഗരം
ഞാനെന്‍റെയുള്ളിലും വളര്‍ത്തുന്നു...

അഴുക്കുചാല്‍ കാറ്റെത്തുന്ന
പടിഞ്ഞാറെ ജനാല
ഓക്കാനിക്കുമ്പോള്‍
ഞാന്‍ അടച്ചു വെക്കുന്നു...

ഒതുക്കി വെക്കാത്ത, ചേരിയുടെ
പച്ച വിളിച്ചു കൂവലുകള്‍
വടക്കേ ജനാലയോട് ചേര്‍ത്ത് ഞാന്‍
വലിച്ചടയ്ക്കുന്നു...

കളര്‍ വെളിച്ചത്തില്‍
സ്പ്രേ പൂശിയ ഹൈവേയെ
കിഴക്കേ ജനാലപ്പാളി കൊണ്ട്
ഞാന്‍ മറച്ചു വെയ്ക്കുന്നു..

രാത്രി, ഒറ്റയ്ക്കിരിക്കുമ്പോള്‍
കണ്ണില്‍, മൂക്കില്‍
നഗരത്തെ ഞാന്‍ തുടച്ചെടുക്കുന്നു...

അടയ്ക്കാതെ വെച്ച
തെക്കേ ജനാലയ്ക്കല്‍
അറിയാതെ ഞാനും നഗരമാകുന്നു....


Tuesday, November 3, 2009

ജീവപര്യന്തം...!

നിലാവില്‍ തെങ്ങിന്‍തോപ്പ്
ഒറ്റപ്പെട്ടവരുടെ ഒരു ദ്വീപ്‌.

നീര് വറ്റി
ഉണങ്ങിയ മേനിയുടെ
ചലനമില്ലായ്മ്മകളിലും അവര്‍
നക്ഷത്രങ്ങളോട് സംസാരിക്കുന്നു.

നിഴലുകളെ നീട്ടി നീട്ടി
പരുത്ത തൊലിപ്പുറങ്ങളില്‍
പരസ്പരം അവര്‍
തൊട്ടു നോക്കുന്നു.

നോക്കൂ,
അപ്പോള്‍പ്പോലും
കരിഞ്ഞ, പച്ചച്ച തലപ്പുകള്‍ കൊണ്ട്
കാറ്റിനോടും ആകാശത്തോടും
ചുമ്മാ അവര്‍ കലഹിച്ചു കൊണ്ടിരിക്കുന്നത്...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !


Monday, November 2, 2009

ഒരു കടലാസുകവിത...

വെളുത്ത ഈ കടലാസില്‍
എന്ത് കവിതയാണ് ഞാനെഴുതുക?

കമ്പ്യനും ചാത്തനും മാരിയപ്പനും
മടയാതെ പോയ ഒരു കൊട്ടയുടെ
നീറ്റലുണ്ടതിന്...
വേവാതെ പോയ ചോറിന്റെ മണം.

കടല് കടത്തി കൊണ്ടുപോയ
ഒരായിരം സുഗന്ധങ്ങളുടെ നഷ്ടം.

ചെമ്പന്‍ ഊതാതെ വിട്ടുപോയ
ഒരു കുഴല്‍പ്പാട്ടിന്റെ വേദന.

കാട്ടുവഴിക്കൊപ്പം
ലോറികള്‍ കവര്‍ന്നുപേക്ഷിച്ച
ചെമ്പന്റെ പെണ്ണ് കോയ്മ്മയുടെ
വരണ്ട കണ്ണീര്‍ നനവ്..

കരിഞ്ഞ മുളംകുറ്റിയില്‍
തലതല്ലിച്ചത്ത കാളന്‍ മൂപ്പന്‍
പറയാതെ വിട്ട വാക്കിന്റെ മൌനം.

വെറും വെളുത്ത
ഈ കടലാസു തന്നെ
എഴുതാന്‍ പറ്റാത്തൊരു കവിത.


ജീവപര്യന്തം...!

നിലാവില്‍ തെങ്ങിന്‍തോപ്പ്
ഒറ്റപ്പെട്ടവരുടെ ഒരു ദ്വീപ്‌.

നീര് വറ്റി
ഉണങ്ങിയ മേനിയുടെ
ചലനമില്ലായ്മ്മകളിലും അവര്‍
നക്ഷത്രങ്ങളോട് സംസാരിക്കുന്നു.

നിഴലുകളെ നീട്ടി നീട്ടി
പരുത്ത തൊലിപ്പുറങ്ങളില്‍
പരസ്പരം അവര്‍
തൊട്ടു നോക്കുന്നു.

നോക്കൂ,
അപ്പോള്‍പ്പോലും
കരിഞ്ഞ, പച്ചച്ച തലപ്പുകള്‍ കൊണ്ട്
കാറ്റിനോടും ആകാശത്തോടും
ചുമ്മാ അവര്‍ കലഹിച്ചു കൊണ്ടിരിക്കുന്നത്...

ഇരുട്ടില്‍,
തെങ്ങിന്‍ തോപ്പ്
വൃദ്ധസദനം പോലെ ഒറ്റപ്പെട്ട
ഒരു ശ്മശാനം !