Sunday, March 28, 2010

പേനയിലേക്ക്‌ തിരിച്ചു പോയ വാക്ക്....



രഞ്ജിത്തിന്‍റെ നിര്‍ബന്ധമാണ്‌ ഇത്രയും ദൂരെ ഒരു സാഹിത്യ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കാരണം.. ചിലപ്പോള്‍ തോന്നാറുണ്ട് മലയാള സാഹിത്യത്തെ കുറിച്ച് കേരളത്തില്‍ നടക്കുന്നതിനേക്കാള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത് പുറത്താണെന്ന്.. പക്ഷെ എല്ലാം അവസാനിക്കുന്നത് പതിവ് പല്ലിട കുത്തി മണക്കലില്‍ തന്നെ.. എന്തൊക്കെ സംസാരിച്ചുവെന്നോ മറുപടികള്‍ പറഞ്ഞുവെന്നോ ഒന്നും ഓര്‍മ്മയില്ല.. "കഥയിലെ പെണ്‍ വഴികള്‍" ആണ് വിഷയം. മടുത്തു പെണ്ണെഴുത്തും ആണെഴുത്തും... തല പെരുത്തപ്പോഴാണ് രഞ്ജിത്തിനെ വിളിച്ച് ഒന്ന് റൂമില്‍ വിട്ടു തരാമോ എന്ന് ചോദിച്ചത്..
കാറില്‍ ഇരിക്കുമ്പോള്‍ അവന്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പലതിനും അലക്ഷ്യമായി മൂളിക്കൊണ്ടിരുന്നു. ഞാന്‍ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയത് കൊണ്ടാവണം സംസാരം നിര്‍ത്തി അവനേതോ പഴയ ഹിന്ദി ഗാനം മൂളാന്‍ തുടങ്ങി.
'രഞ്ജിത്ത്, എനിക്ക് ഒരുപകാരം ചെയ്യാമോ.. എന്‍റെ കൂടെ ഒരിടം വരെ വരാമോ? എനിക്കാണേല്‍ ഇവിടെ എവിടെയും പരിചയമില്ല, ഭാഷയും വശമില്ല.."
പാട്ട് നിര്‍ത്തി അവന്‍ വാചാലനായി.
"ഇങ്ങനെ ഒരുപാട് അപേക്ഷിക്കേണ്ട കാര്യമുണ്ടോ മാഡം? എന്‍റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുടെ കൂടെ ഒരു യാത്ര.. അല്‍പ സ്വല്പം കഥയും കവിതയും നെഞ്ചില്‍ കൊണ്ട് നടക്കുന്ന കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്, ഒരിക്കലെങ്കിലും കാണാന്‍.. ഭാഗ്യവാനാണ് ഞാന്‍.. ഒരുപാട് സന്തോഷം തോന്നുന്നു.. "
എനിക്കെന്തോ ചിരിയാണ് വന്നത്.. എഴുതുന്നത്‌ കഥകള്‍ അല്ല, ജീവിതം തന്നെയാണ് അനിയാ എന്ന് പറയണം എന്ന് തോന്നി.
"മാഡം എവിടെയാ പോവേണ്ടത് എന്ന് പറഞ്ഞില്ല.. "
"ഓ അതോ.. ഒരു ദോഡ നഹള്ളി.. എന്നെ അവിടെ ഒന്ന് എത്തിക്കാമോ?"
"ഇവിടെ ഒരുപാട് ഹള്ളികളുണ്ട്.. ഇത് കേട്ടിട്ടില്ല.. ഒരുപക്ഷെ സിറ്റിയ്ക്ക് പുറത്തു എവിടെയെങ്കിലും ആയിരിക്കും.. ഞാന്‍ ഒന്നന്വേഷിക്കട്ടെ.. "
അവന്‍ ആരെയൊക്കെയോ വിളിച്ച് തമിഴിലും കന്നടയിലും എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ഹാന്‍ഡ് ബാഗില്‍ നിന്നും എന്‍റെ പഴയ ഡയറി എടുക്കാന്‍ തുടങ്ങുമ്പോഴേക്കും ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. അനിലാണ്.. ഭാര്യയെക്കുറിച്ച് ഓര്‍മ്മിക്കാന്‍ ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു..
എന്തൊക്കെയോ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തീര്‍ക്കാന്‍ പാട് പെടുന്നുണ്ടായിരുന്നു അനില്‍. ഏതോ മീറ്റിങ്ങിനു ചെന്നെയില്‍ പോകണം, താക്കോല്‍ താഴത്തെ ഫ്ലാറ്റിലെ രാമചന്ദ്രനെ ഏല്‍പ്പിച്ചിട്ടുണ്ട് എന്നൊക്കെ എന്തൊക്കെയോ.. ഞാനും വരാന്‍ വൈകിയേക്കും എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.. അവനു ദേഷ്യം പിടിച്ചു കാണുമോ? സാധ്യത കുറവാണ്. കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ ഒന്ന് വെറുതെ വഴക്ക് പറയാന്‍ പോലും സമയമില്ലാതെ.. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഒളിച്ചോട്ടങ്ങള്‍.. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഒരേ മുറിയില്‍ ചെറുതാകുന്ന രണ്ടു ദ്വീപുകള്‍.. വിവാഹം എന്നത് ചിലപ്പോള്‍ ഉത്തരം കണ്ടു പിടിക്കാന്‍ ആവാതെ നീണ്ടു നീണ്ടു പോകുന്ന ഒരു പസില്‍ ആണ് എന്ന് തോന്നിപ്പോകുന്നു..
"മാഡം, ആ സ്ഥലം ഇവിടെ നിന്ന് രണ്ടു മണിക്കൂറെങ്കിലും ഡ്രൈവ് ചെയ്യാന്‍ കാണും.. സിറ്റിയുടെ അടുത്തൊന്നും അല്ല.. ഒരു കാട്ടുപ്രദേശമാണ് എന്നാണ് അറിഞ്ഞത്. തെറ്റിദ്ധരിക്കില്ലെങ്കില്‍ ചോദിക്കട്ടെ, ആരെയാണ് കാണേണ്ടത്?"

എന്‍റെ ജോഫിയെ കാണാനാണ് എന്ന് വിളിച്ച് പറയാന്‍ തോന്നി.. വേണ്ട, ഒരു സുഹൃത്തിനെ എന്ന് മാത്രം പറഞ്ഞൊഴിഞ്ഞു...
" ഇപ്പൊ ഇവിടെ നിന്നും തുടങ്ങിയാല്‍ എത്തുമ്പോള്‍ ആറു മണിയെങ്കിലും ആവും.. ഇന്ന് തന്നെ പോകണോ അതോ നാളെ കാലത്തോ..?"
"ഒരു നിമിഷം എങ്കില്‍ ഒരു നിമിഷം നേരത്തെ എത്തിയാല്‍ നന്നായിരുന്നു രഞ്ജിത്ത്.. "
എന്‍റെ മനസ്സ് വായിച്ച പോലെ അവന്‍ കാറ് തിരിച്ചു. ക്ഷീണം തോന്നുന്നെങ്കില്‍ ഒന്ന് മയങ്ങിക്കോളൂ, എത്താറാകുമ്പോള്‍ വിളിക്കാം എന്ന് പറഞ്ഞു പരമാവധി വേഗത്തില്‍ പോവാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്‍...

ഡയറിയുടെ പഴക്കം മണക്കുന്ന പേജുകളില്‍ അവിടവിടെയായി ജോഫിയുടെ കുറിപ്പുകള്‍.. ലിറ്റരേച്ചര്‍ ക്ലാസിലെ മരണത്തെ സ്നേഹിച്ചു നടന്ന പൊട്ടിപ്പെണ്ണിന് ജീവിതത്തെ എത്രമാത്രം സ്നേഹിക്കണമെന്നു പഠിപ്പിച്ചു തന്നിരുന്ന വരികള്‍ ..
പല്ലപ്പോഴും ഞാനവനോട് പറഞ്ഞിട്ടുണ്ട്, എടോ അച്ചന്‍കുഞ്ഞേ, നീയൊരു പുരോഹിതന്‍ ആവേണ്ടവനാണ്, അല്ലാതെ ഇത്രയും പൈങ്കിളി ആവല്ലേ എന്ന്.. പൊട്ടിച്ചിരിച്ചു കൊണ്ട് അവന്‍ പറയും, ലളിതാ, ജീവിതം പലപ്പോഴും ഒരു പൈങ്കിളിക്കഥയേക്കാള്‍ പൈങ്കിളി ആണെന്ന്..
അവസാനത്തെ പേജില്‍ എഴുതിയിരിക്കുന്നു.. 'പശുക്കളെ പോലെയാണ് നമ്മള്‍.. സ്വാതന്ത്ര്യം കഴുത്തില്‍ കുരുങ്ങിയ ഒരു കയറു വരയ്ക്കുന്ന ചെറിയൊരു വൃത്തത്തിലെ ഒരു ആഘോഷം.. മാത്രമാണ്..- ജോസഫ്‌ സാമുവല്‍.'
പലപ്പോഴും എനിക്കും തോന്നിയിട്ടുണ്ട്, ശരി തന്നെ ആവും അതെന്ന്‌... എന്‍റെ ജോഫി, ഞാന്‍ എന്താണെന്ന്, എന്‍റെ പ്രണയം എന്തെന്ന് നിനക്കറിയുന്ന പോലെ മറ്റാരും അറിഞ്ഞിട്ടില്ല എന്നത്.. അതിരുകള്‍ക്കുള്ളിലെ നിലകിട്ടാത്ത കറക്കങ്ങള്‍..
"മാഡം, അവിടെ എവിടെയാണ് പോവേണ്ടതെന്നു ഇനിയും പറഞ്ഞിട്ടില്ല ട്ടോ.."
അവിചാരിതമായി കാണു മുട്ടിയ ഒരു പഴയ സുഹൃത്തിന്റെ വിസിറ്റിംഗ് കാര്‍ഡിന്റെ പിറകില്‍ കുറിച്ച് വെച്ച അഡ്രെസ്സ് ഒന്ന് കൂടെ ഉറപ്പിച്ചിട്ട്‌ അവിടെ ഒരു സ്നേഹാശ്രമം ഉണ്ട് എന്ന് പറഞ്ഞു.. അവന്‍ വീണ്ടും മൂളിപ്പാട്ടിലേക്ക് മടങ്ങി..
എപ്പോഴാണ് മയങ്ങിപ്പോയത് എന്നോര്‍മ്മയില്ല. ഇവിടം വരെയേ വണ്ടി പോവൂ, ഇനി ഒന്നൊന്നര കിലോമീറ്റര്‍ നടക്കാനുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത് എന്ന് രഞ്ജിത്ത് പറഞ്ഞപ്പോഴാണ് ഉണര്‍ന്നു പോയത്..
അവനും കൂടെ വരാന്‍ തുടങ്ങി. നാളെ ഉച്ചയ്ക്ക് മുന്‍പ് വന്നു കൂട്ടിയാല്‍ മതി എന്ന് ഒരുപാട് നിര്‍ബന്ധിച്ചപ്പോഴാണ് അവന്‍ പോകാന്‍ പകുതി മനസ്സോടെ സമ്മതിച്ചത്.. മൊബൈല്‍ റേഞ്ച് കിട്ടാത്ത സ്ഥലമായത് കൊണ്ട് പന്ത്രണ്ടു മണിക്ക് തന്നെ റെഡി ആകണം എന്ന് രണ്ടു മൂന്നു തവണ അവന്‍ പറഞ്ഞു. കുറെ ദൂരം നടന്നു തിരിഞ്ഞു നോക്കിയപ്പോഴും അവന്‍ അവിടെ നിന്ന് അനങ്ങിയിട്ടില്ലായിരുന്നു..
ശരിക്കും നഗരങ്ങളില്‍ നിന്നും കാടുകളിലേക്ക് അകലം വളരെ കുറവാണെന്ന് തോന്നി. ചീകി വെച്ച പോലെ വെട്ടിയൊതുക്കി വെച്ച ചെടികളാണ് രണ്ടു വശങ്ങളിലും.. പുതിയ ജീവനും ഉന്മേഷവും കൊണ്ട് വരുന്ന ശുദ്ധ വായു.. ദൂരെ നിന്നും കാണുമ്പോള്‍ ഒരു ഫാം ഹൌസ് ആണെന്ന് തോന്നിച്ചു, സ്നേഹാശ്രമം..

മുന്‍പില്‍ ഒരു വലിയ മണി തൂക്കി വെച്ചിട്ടുണ്ട്, സന്ദര്‍ശകര്‍ക്ക് വേണ്ടി.. കയറിന്റെ തുമ്പില്‍ പിടിച്ചു വലിച്ചു..
വാതില്‍ തുറന്നു വന്നത്, ജോഫി.. എന്‍റെ ജോഫി.. പെട്ടെന്ന് ആ പഴയ കോളേജ് വിദ്യാര്‍ഥിനി ആയ പോലെ..
ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം അവന്‍ പറഞ്ഞു..
"ലളിത, എനിക്കറിയാമായിരുന്നു എന്നെങ്കിലും ഒരിക്കല്‍ ഈ വഴി തേടി നീ വരുമെന്ന്.. പക്ഷെ ഇത്ര പെട്ടെന്ന് .. വാ അകത്തേക്കിരിക്കാം..." സ്വപ്നമല്ല എന്ന തിരിച്ചറിവിലേക്ക് വരാന്‍ എനിക്ക് കുറച്ചു സമയം വേണ്ടി വന്നു..

എന്‍റെ സാഹിത്യ ജീവിതത്തെ കുറിച്ചും ഏറ്റവും അടുത്തു പുറത്തിറങ്ങിയ കഥാ സമാഹാരത്തെ കുറിച്ചും അവന്‍ വാചാലനായി.. എന്‍റെ കണ്ണുകള്‍ അപ്പോഴും ചുവരിലെ ഫോട്ടോകളില്‍ തന്നെ ഉടക്കി നിന്നു... ഒരു മൂലയ്ക്ക് ഞങ്ങളുടെ ഫെയര്‍വെല്‍ ഫോട്ടോ. കൃത്യമായി പറഞ്ഞാല്‍ ഞങ്ങള്‍ ഇതിനു മുന്‍പ് അവസാനമായി കണ്ട ദിവസം..
രണ്ടു വര്‍ഷത്തോളം പറയാതെ കൂട്ടിവെച്ചത് എന്തൊക്കെയോ പറഞ്ഞു പൊട്ടിക്കരഞ്ഞത്.. എവിടെയാണെന്ന് നില്‍ക്കുന്നത് എന്ന് പോലും മറന്ന് പ്രൊഫസര്‍ അച്ചന്മാരുടെ മുന്‍പില്‍ വെച്ച് ജോഫിയെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചത്.. അതിനു ജോഫിയെ പണിഷ് ചെയ്തു വേറെ എങ്ങോട്ടോ മാറ്റി എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു അറിഞ്ഞത്..

"ജോഫി, ഒരുപാട് അന്വേഷിച്ചിരുന്നു ഞാന്‍..."
"ലളിതാ, ഞാന്‍ ഇപ്പൊ ആ പഴയ ജോഫി അല്ല കേട്ടോ.. ഇപ്പോള്‍ ഫാദര്‍ ജോസഫ്‌ തോട്ടനാനി.. ഹ..ഹ.."
"താന്‍ പോടോ.. എനിക്ക് എന്നും നീ എന്‍റെ ജോഫി തന്നെയാണ്.. എന്‍റെ അതിരില്ലാത്ത പ്രണയം..."
ഭര്‍ത്താവിനെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും ചോദിച്ചു അവന്‍ വിഷയം മാറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു..

"ജോഫീ, ഇപ്പോഴും നീ സൂക്ഷിച്ചിട്ടുണ്ടോ, എന്‍റെ പ്രണയ സമ്മാനം... നീ ചോദിച്ചു വാങ്ങിയത്.. നീ പറഞ്ഞിരുന്നില്ലേ എത്ര കാലം കഴിഞ്ഞാലും നീയത് സൂക്ഷിച്ചു വെക്കുമെന്ന്.. "

പ്രതീക്ഷിക്കാത്ത ചോദ്യമായത്‌ കൊണ്ടാവണം, പരിഭ്രമത്തിന്റെ ഒരു നിഴല്‍ ആ മുഖത്തു കൂടെ മിന്നി മാഞ്ഞത്.. അകത്തു പോയി അവന്‍ ഒരു ചെറിയ പെട്ടിയുമായി തിരിച്ചു വന്നു.. എന്‍റെ മുന്‍പിലേക്ക് നീക്കിവെച്ചു തുറന്നു...
അതെ, അതേ സാനിട്ടറി നാപ്കിന്‍. എന്‍റെ ആര്‍ത്തവ രക്തം പുരണ്ടത്.. ലോകത്തില്‍ ഇന്നേവരെ ഒരു കാമുകനും ആവശ്യപ്പെടാത്ത പ്രണയ സമ്മാനം.. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്നു..
എന്‍റെ ജോഫീ.. നിനക്ക് വട്ടാണ്.. മുഴുവട്ട്..

"ലളിതാ, ചിലതെല്ലാം അങ്ങനെ തന്നെയാണ്.. സ്വപ്‌നങ്ങള്‍, ജീവിതങ്ങള്‍.. ഒരു ജീവനായി പിറക്കണം എന്ന് ആഗ്രഹിക്കും.. അതിനു പകരം ഒന്നും ഒന്നുമാവാതെ ബീജ സങ്കലനം നടക്കാതെ ചോര ചൊരിഞ്ഞു പുറന്തള്ളി പോയേക്കും.. ഒടുവില്‍ ആരും കാണാതെ ചുരുട്ടി മടക്കി പിന്നാമ്പുറങ്ങളിലേക്ക് വലിച്ച് എറിയപ്പെടുന്നവ.. ചിലപ്പോള്‍ പ്രണയവും അങ്ങനെ..."

ഒന്നുറക്കെ കരയണം എന്ന് തോന്നി.. വസ്ത്രങ്ങള്‍ ഒരു മറ ആണെന്ന് അവന്‍റെ വസ്ത്രങ്ങള്‍ ഒരു വെളുത്ത ചിരിയില്‍ എന്നെ ഓര്‍മ്മിപ്പിച്ചു.. ഒരു മറവില്‍.. ഒരുപാട് പശുക്കള്‍ക്കൊപ്പം...

എന്‍റെ എത്രയും പ്രിയപ്പെട്ട ജോഫീ, ശരി തെറ്റുകളില്‍ എന്‍റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.. വിശ്വാസങ്ങളും വസ്ത്രങ്ങള്‍ പോലെ തന്നെ ഒരു മറ ആവണം, അല്ലെ?
ഒരിക്കല്‍, ഒരു നിമിഷമെങ്കിലും എനിക്ക് ഞാനായിരിക്കണം.. വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു നിന്‍റെ മുന്‍പിലെങ്കിലും എനിക്ക് നഗ്നയാവണം... മറന്നു പോയ കരച്ചിലുകള്‍ എല്ലാം തന്നെ എനിക്ക് കരഞ്ഞു തീര്‍ക്കണം....

Wednesday, March 24, 2010

പെണ്‍-ഡുലം


നിന്‍റെ സമയം
മുഴുവൃത്തത്തില്‍
കറങ്ങാന്‍ മാത്രമാണ്
വലിഞ്ഞ കയര്‍ത്തുമ്പിലെ
പാതിവൃത്ത യാത്രയിലേക്ക്
എന്നെ മെരുക്കി ഒതുക്കി വെച്ചത്...

ഓരോ തളര്ച്ചയിലും
നടക്കൂ വീണ്ടും നടക്കൂ എന്ന്
താക്കോല്‍ കൊടുത്തു കൊടുത്തു വെച്ചത്...

ബുദ്ധിമാന്‍,
നീ പഠിച്ചു വെച്ചിരിക്കുന്നു-
ഒരിക്കല്‍, എന്നെങ്കിലും ഒരിക്കല്‍
അടച്ച കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
മരിച്ചു പോകുന്നതേ ഉള്ളൂ
നിന്‍റെ സമയമെന്ന്...




Monday, March 22, 2010

അന്നത്തെ രാത്രി.............

അന്നത്തെ രാത്രി
രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ പെണ്‍കുട്ടി
അന്തപ്പുരത്തില്‍ നഗ്നയാക്കപ്പെട്ടു.

അന്നത്തെ രാത്രി
വേണമെങ്കില്‍ വസ്ത്രം ധരിച്ചു കൊള്ളാന്‍
പഴയ രാജ്ഞിക്ക് അനുവാദം കിട്ടി.




Thursday, March 18, 2010

വീട്ടിലേക്കുള്ള വഴി...?!


വീട്ടിലേക്കുള്ള വഴി.


വളഞ്ഞു തിരിഞ്ഞാണ് വഴി.

ഒന്നാമത്തെ തിരിവിന്റെ
വലത്തേയറ്റത്ത്
എപ്പോഴും തുറന്നിടുന്ന
ഒരു വീടാണ്..

എപ്പോഴോ
കണ്ണിലുടക്കിയെന്നല്ലാതെ
കാണാതെ കാണാതെ പോയി...

രണ്ടാമത്തെ തിരിവിന്റെ
ഇടത്തേയറ്റത്ത്
എപ്പോഴും അടച്ചിടുന്ന
മറ്റൊരു വീടാണ്..

വേണ്ടെന്നു വെച്ചാലും
കണ്ണറിയാതെ
കേറിയങ്ങ് തറയും..

അടച്ചുവെച്ചയകത്തിന്റെ
അഴിയാത്ത,
കാണാത്ത വഴികളില്‍
വഴി മറന്നു മറന്നാവണം
വീട്ടിലേക്കു നടന്നതെല്ലാം
ഇഴഞ്ഞു കാടെത്തിയത്...!!!