നസീമ ഇന്‍ സൂം...
എപ്പോഴോ തട്ടിത്തെറിച്ചു നിലത്തുവീണ് ചിതറിയ മൊബൈല്‍ ഫോണിന്റെ കഷ്ണങ്ങള്‍ പെറുക്കിയെടുത്ത് വെച്ച് മീന നസീമയുടെ മുഖത്തേക്ക് തുറിച്ചുനോക്കി ഇരുന്നു.
ഇന്നിത് മൂന്നാമത്തെയോ നാലാമത്തെയോ പ്രാവശ്യമാണ് ഇങ്ങനെയവള്‍ വിചിത്രമായി...
"സംതിംഗ് ഈസ് റോംഗ്" എന്ന ഒഴുക്കന്‍ കമെന്റുകളുടെ കുശുകുശുപ്പുകളില്‍ ഓഫീസിന്റെ ഓരോ ഭാഗങ്ങളും പതിവുജോലികളിലേക്ക് തിരിച്ചുപോകുന്നു. എല്ലാ ക്യുബിക്കിളുകളുടെയും വിടവുകളിലൂടെ കുറേ കണ്ണുകളിറങ്ങിയിഴഞ്ഞുവന്ന് തന്റെ കാലുകളിലൂടെ അരിച്ചരിച്ച് കയറാന്‍ തുടങ്ങിയപ്പോള്‍ അവള് കാലുകള്‍ കസേരയിലേക്കു കയറ്റിവെച്ച് ചുരുണ്ടിരുന്നു.
കീബോര്‍ഡുകളുടെ ഹൃദയമിടിപ്പിനെ ഇടയ്ക്കിടയ്ക്ക് കീറിമുറിച്ച് പലതരം റിംഗ്ടോണുകള്‍.. ചില ബീപ് ബീപ് ശബ്ദങ്ങള്‍.. കൈകള്‍ വല്ലാതെ വിറയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള് മീനയുടെ കയ്യില്‍ മുറുകെപ്പിടിച്ചു.
"ലുക്ക് മീനാ.. സംതിംഗ് ഈസ് റോംഗ് വിത് മീ..."
'ഹേയ്, നതിംഗ് ലൈക് ദാറ്റ്.. അസൈന്‍ ചെയ്ത ഈ പ്രോജെക്റ്റ് തീര്‍ന്നാല്‍ തന്നെ താന്‍ ഫ്രീയാകും.. എല്ലാം ഈസിയായി എടുക്കാനുള്ള മെന്റ്റാലിറ്റിയാണ് ഈ ഫീല്‍ഡില്‍ വേണ്ടത്' എന്നൊക്കെ മാനേജ്മെന്റ് ഭാഷയില്‍ അവള് ഉപദേശിച്ചുകൊണ്ടിരുന്നു.
'വാട്സ് ഗോയിംഗ് ഓണ്‍ ഹിയര്‍? ഹോപ് എവെരിതിംഗ് ഈസ് ഫൈന്‍' എന്ന് മറുപടി ആഗ്രഹിക്കാത്തതും ആവശ്യമില്ലാത്തതുമായ അന്വേഷണമെറിഞ്ഞ് മാനേജര്‍ കിരണ്‍ കടന്നുപോയിട്ടും ആ ഫ്രെയിംലെസ് കണ്ണടയ്ക്കുപിന്നില്‍ നിന്നുമിറങ്ങിവന്ന രണ്ട് ഉണ്ടക്കണ്ണുകള്‍ കുറേ നേരം കൂടി വായുവില്‍ തൂങ്ങിനിന്ന് പേടിപ്പിച്ചുകൊണ്ടിരുന്നു...
വിറയ്ക്കുന്ന ശബ്ദത്തില്‍ നസീമ പറഞ്ഞു, "മീനാ.. ഐ തിംഗ് ഐയാം മാഡ്..."
കാലത്തുമുതല്‍ അനങ്ങാതെ ഒരേയിരിപ്പില്‍ ഇരിക്കുന്നതിന്റെയും ഓവര്‍ സ്റ്റ്റെയിനിന്റെയും പ്രശ്നമാണെന്ന് പറഞ്ഞ് മീന ഒരു കടലാസില്‍ എന്തോ കുറിച്ചുകൊടുത്തു.
"നീ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഈ ടാബ്ലെറ്റ് മേടിക്ക്.. ഒരെണ്ണം കഴിച്ച് ഡോര്‍മെറ്റ്റിയില്‍ പോയി കുറച്ചുനേരം കിടക്ക്.. ഇത്തിരി കഴിയുമ്പോള്‍ നിന്റെ റ്റെന്‍ഷനും പോകും.. എല്ലാം ശരിയാവുകേം ചെയ്യും.."
"ബട്ട് മീനാ.. എനിക്ക്.. എനിക്കെന്തോ..."
"ജസ്റ്റ് ഗോ ആന്റ് റിലാക്സ് ഡിയര്‍.. എനിക്കും കുറേ ജോലി തീര്‍ക്കാനുണ്ട്.." തുടര്‍ന്ന് സംഭാഷണം നടക്കാത്ത പോലെ അവള് സംസാരം അവിടെ നിര്‍ത്തി..
അടുത്ത ബില്‍ഡിംഗിലാണ് ഡോര്‍മെട്റി.. ഓരോ ക്യുബിക്കിള്‍ കടന്നുപോകുമ്പോഴും ഓട്ടോ സൂം ചെയ്യുന്ന കുറേ കണ്ണുകള്‍ ഇറങ്ങി പിന്തുടരാന് തുടങ്ങിയപ്പോള്‍ മുഖവും ശരീരവും ഷാളിനുള്ളിലേക്ക് ചേര്‍ത്തുപിടിച്ച് അവള് നടന്നു, അല്ല, ഓടുകതന്നെയായിരുന്നു...
ഡോര്‍മെട്രിയിലേക്ക് തിരിയുന്ന മൂലയ്ക്ക് തന്റെ മൊബൈല്‍ ഫോണിലേക്ക് തുറിച്ചുനോക്കിനില്ക്കുന്ന ഒരു ഹൗസ് കീപ്പിംഗ് ബോയ്. പൊടുന്നനെ തലതിരിച്ച അവന്റെ കൂര്‍ത്ത പല്ലുകള്‍ക്കിടയിലെവിടെയോ ഒളിച്ചുകളിച്ച ഒരു ചിരി. വെള്ളിനിറമുള്ള കണ്ണുകള്‍ പകയുള്ള ഒരു പ്രാണിയെപ്പോലെ പിന്നാലെ വരുന്നുണ്ടെന്ന തിരിച്ചറിവില്‍ കിതച്ച ഒരോട്ടത്തിനൊടുവില്‍ മെയിന്‍ ഗേറ്റും കടന്ന് പുറത്തിറങ്ങി എതോ ഒരു ടാക്സിക്ക് അവള് കൈകാണിച്ചു.
വിലാസം പറഞ്ഞ് "വേഗം വേഗം" എന്ന് ഡ്രൈവറോട് കിതച്ചുപറയുമ്പോള്‍ ഓഫീസും ഗേറ്റും വലിയ റോഡും ഒരുപാടൊരുപാട് കണ്ണുകളും പുറകോട്ടു പുറകോട്ട് വലിഞ്ഞു പോയി...
ഇടയ്ക്കിടെ റിയര്‍വ്യൂ മിററില്‍ വന്നുപോകുന്ന ഡ്രൈവറുടെ കണ്ണുകളില്‍ കൃഷ്ണമണിക്ക് പകരം വലിയ കുഴികളാണെന്ന് തോന്നിയപ്പോള്‍ നസീമ സീറ്റിനുപിന്നിലേക്ക് ഒതുങ്ങി, ഷാള്‍ കൊണ്ട് തല മൂടി. കണ്ണുകള്‍ ഇറുകെയടച്ചു...
വാതില്‍ വലിച്ചു തുറന്ന് കടക്കുമ്പോള്‍ സോഫയില്‍ സഹീര്‍, ചേച്ചിയുടെ ഭര്‍ത്താവ്...
'എന്താ നസീമാ ഒരു വല്ലായ്മ്മ?' എന്ന് ചോദിക്കുമ്പോള്‍ പെര്‍ഫ്യൂമിന്റെയും മൗത്ത് ഫ്രഷ്നറിന്റെയും മനം മടുപ്പിക്കുന്ന ഗന്ധം. കയ്യിലെ മൊബൈല്‍ ഫോണിലേക്ക് രണ്ട് ചാണകപ്പുഴുക്കളെപ്പോലെ ഇഴഞ്ഞിറങ്ങുന്ന കണ്ണുകളെ കണ്ടതും അവള് തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു.
സ്വിച്ച് ഇട്ടപ്പോള്‍ വലിയ ഫ്ലഡ് ലൈറ്റുകള്‍ തെളിഞ്ഞു. കാറ്റിനോടൊപ്പം ആര്‍പ്പുവിളികള്‍ കാതിലലച്ചു. ചുറ്റില്‍നിന്നും ക്യാമറക്കണ്ണുകള്‍ വിചിത്രജീവികളെപ്പോലെ ഇറങ്ങിവന്നു. സ്റ്റേഡിയത്തിന്റെ നടുത്തളത്തില്‍ തെളിഞ്ഞ സ്പോട്ട് ലൈറ്റില്‍ നഗ്നയായി അവളിരുന്നു. ശരീരത്തിലേക്ക് അരിച്ചരിച്ചു കയറുന്ന കണ്ണുകളെ ഭയന്ന് അവള് അലറിക്കരഞ്ഞു.
"ഉമ്മാ...."
"എന്താ.. എന്താ നസീമാ.. എന്താ അനക്കു പറ്റിയേ..?"
"ഉമ്മാ. സൂക്ഷിക്കണേ.. എല്ലായിടത്തും കണ്ണുകളാ.. എല്ലാം ഒപ്പിയെടുക്കുന്ന ക്യാമറകള്‍..
നിഴലുപോലെ.. പതുങ്ങിപ്പതുങ്ങിയിരിക്കുകയാ ഒപ്പിയൊപ്പിയെടുക്കാന്‍.............
ഉമ്മാ.. എനിക്കൊന്ന് മൂത്രമൊഴിക്കണം.. നമ്മുടെ ബാത്ത് റൂമിനെപ്പോലും എനിക്കിപ്പോ പേടിയാണുമ്മാ...."
പൊട്ടിക്കരയാന്‍ തുടങ്ങിയ അവളെ ഉമ്മ ചേര്‍ത്തുപിടിച്ചു...
മിന്നിത്തെളിയുന്ന ക്യാമറക്കണ്ണുകളെ മറച്ച് ഒരു കൊച്ചുകുഞ്ഞിനെപ്പോലെ അവള് ഉടുപ്പിലേക്ക് മൂത്രമൊഴിച്ചു...