Saturday, June 12, 2010
കല്യാണിമാവ്
പള്ളിക്കൂടം വിട്ടു വരുമ്പോള്‍
കളത്തിങ്കല്‍ പറമ്പിന്റെ
ഇല്ലിവേലിയ്ക്കപ്പുറത്ത്
തെക്കേ മൂലയ്ക്കെ നാട്ടുമാവില്‍
കെട്ടിപ്പിടിച്ചു നില്‍പ്പുണ്ടാവും കല്യാണി.
പുഴുകുത്തിയ പല്ലുകാട്ടി പറയും
'നിയ്ക്കും ഇതിനും ഒരേ വയസ്സാ'ന്ന്.
ഞങ്ങള്‍ കളിയാക്കി വിളിക്കും
'കല്യാണിമാവേ കല്യാണിമാവേ'ന്ന്‍
നാട്ടുമാവ് പൂത്ത ശേഷം
ഇടവക്കത്തധികം
വന്നു നില്ക്കാറില്ലവള്‍.
ചുമ്മാ ഒരു കല്ലെറിഞ്ഞാല്‍
നാണിത്തള്ള ഓടിച്ചു വിടും
'പോയിനെടാ പുള്ളാരേ'ന്ന്‍.
എന്തേ ഈവട്ടം കായ്ക്കാത്തതെന്ന്‍
വാടിയ മാവ് നോക്കി
ഒരിക്കലെപ്പോഴോ
വാ പൊളിച്ചു നിന്നപ്പോള്‍
വത്സലേച്ചി പറഞ്ഞു
അവളെ എങ്ങാണ്ടേക്കോ
കെട്ടിക്കൊണ്ടു പോയെന്ന്‍.
കെട്ടിയോന്‍ ചത്തു പോയത്രേ. !
നാണിത്തള്ള ചത്തയിടയ്ക്ക്
ഇടവഴി റോഡായി.
വേലി പോയി
മാവ് റോഡു വക്കിലായി.
വരുന്നോരും പോണോരും
ചുമ്മാ
ഓരോ കല്ലെറിഞ്ഞോണ്ട് പോകും.
ചോദിക്കാന്‍ ആരും വന്നില്ല.
ഒരു കണ്ണെങ്കിലും വെക്കാതെ
ആവഴി ആരും കടന്നു പോയില്ല.
കഴിഞ്ഞ വേനലില്‍ ഉണങ്ങിയതാ
കല്യാണി മാവ്.
പുഴുത്ത ഉടല് തൂക്കി വെച്ച്
കല്യാണി പോയ അന്ന്...!
Friday, June 4, 2010
എന്റെ രാത്രി..
1.മുറി
അലസമായഴിച്ചു വലിച്ചെറിഞ്ഞ
പകലിന്റെ മുഷിഞ്ഞ വിയര്‍പ്പുകള്‍...
അലക്കിയാലും വെളുക്കാതെ
അയയില്‍
കരിമ്പനടിച്ച ഒരു തോര്‍ത്ത്..
2.ജനാല
ആകാശം നിറച്ചും നക്ഷത്രങ്ങള്‍ വേണമെന്ന്
കുഞ്ഞിലേ വാശി
അടുത്ത കെട്ടിടത്തിന്റെ പിന്നാമ്പുറത്തേക്ക്
എന്നേക്കുമായി അടച്ച
ഒരു വഴി.
3.കിടക്ക
ഭ്രാന്തിനും
മരണത്തിനും ഇടയില്‍
കുത്തിനിറച്ച
പഴകിയ പഞ്ഞി.
അഗ്നിപര്‍വ്വതത്തിന്റെ പുറന്തോടു പോലെ
പുതച്ചിരിക്കുന്നൂ വിരിപ്പ്...
4.തലയിണ
ചുരുട്ടി മടക്കാവുന്ന ഒരു കടല്‍.
മുഖമമര്‍ത്തുമ്പോള്‍
കുടിച്ചു വറ്റിച്ച ഉപ്പുമണം
കണ്ണീര്‍ച്ചൊരുക്ക്...
വലിച്ചു കീറുമ്പോള്‍
പറന്നു നിറയുന്ന വെളുത്ത ചോര.
5.പുതപ്പ്
പുറത്തിരുട്ടല്ലെന്നുറയ്ക്കാന്‍
എനിക്കും
രാത്രിക്കുമിടയില്‍ വലിച്ചിട്ട
ഒരുറപ്പ്....
__________________
(ജിഗീഷിന്റെ കവിതാ കളരിയില്‍ ചേര്‍ത്തതാണ് ഇത്. ഇവിടെ ഒരിക്കല്‍ കൂടെ നിങ്ങളുടെ വായനയ്ക്കു വെക്കുന്നു, വേദനകള്‍ എന്റേതു മാത്രമാവട്ടെ...)
Subscribe to:
Posts (Atom)