Wednesday, March 24, 2010

പെണ്‍-ഡുലം


നിന്‍റെ സമയം
മുഴുവൃത്തത്തില്‍
കറങ്ങാന്‍ മാത്രമാണ്
വലിഞ്ഞ കയര്‍ത്തുമ്പിലെ
പാതിവൃത്ത യാത്രയിലേക്ക്
എന്നെ മെരുക്കി ഒതുക്കി വെച്ചത്...

ഓരോ തളര്ച്ചയിലും
നടക്കൂ വീണ്ടും നടക്കൂ എന്ന്
താക്കോല്‍ കൊടുത്തു കൊടുത്തു വെച്ചത്...

ബുദ്ധിമാന്‍,
നീ പഠിച്ചു വെച്ചിരിക്കുന്നു-
ഒരിക്കല്‍, എന്നെങ്കിലും ഒരിക്കല്‍
അടച്ച കൂടു വിട്ടു ഞാന്‍ പുറത്തിറങ്ങിയാല്‍
മരിച്ചു പോകുന്നതേ ഉള്ളൂ
നിന്‍റെ സമയമെന്ന്...




Monday, March 22, 2010

അന്നത്തെ രാത്രി.............

അന്നത്തെ രാത്രി
രാജാവ് നഗ്നനാണെന്നു വിളിച്ചു പറഞ്ഞ പെണ്‍കുട്ടി
അന്തപ്പുരത്തില്‍ നഗ്നയാക്കപ്പെട്ടു.

അന്നത്തെ രാത്രി
വേണമെങ്കില്‍ വസ്ത്രം ധരിച്ചു കൊള്ളാന്‍
പഴയ രാജ്ഞിക്ക് അനുവാദം കിട്ടി.




Thursday, March 18, 2010

വീട്ടിലേക്കുള്ള വഴി...?!


വീട്ടിലേക്കുള്ള വഴി.


വളഞ്ഞു തിരിഞ്ഞാണ് വഴി.

ഒന്നാമത്തെ തിരിവിന്റെ
വലത്തേയറ്റത്ത്
എപ്പോഴും തുറന്നിടുന്ന
ഒരു വീടാണ്..

എപ്പോഴോ
കണ്ണിലുടക്കിയെന്നല്ലാതെ
കാണാതെ കാണാതെ പോയി...

രണ്ടാമത്തെ തിരിവിന്റെ
ഇടത്തേയറ്റത്ത്
എപ്പോഴും അടച്ചിടുന്ന
മറ്റൊരു വീടാണ്..

വേണ്ടെന്നു വെച്ചാലും
കണ്ണറിയാതെ
കേറിയങ്ങ് തറയും..

അടച്ചുവെച്ചയകത്തിന്റെ
അഴിയാത്ത,
കാണാത്ത വഴികളില്‍
വഴി മറന്നു മറന്നാവണം
വീട്ടിലേക്കു നടന്നതെല്ലാം
ഇഴഞ്ഞു കാടെത്തിയത്...!!!

Wednesday, December 2, 2009

ഈ കവിതയെക്കൊണ്ട് തോറ്റു...!

ചേരും പടി ചേര്‍ക്കുന്ന ഒരു
ജിഗ്സോ പസിലാവില്ല,
തട്ടിത്തൂവിയ വെള്ളത്തില്‍
കുഞ്ഞുങ്ങളെപ്പോലെ
അലസമായി വരയ്ക്കുന്ന ഒരു ചിത്രം..

പാതിയറ്റ കഴുത്തുമായി
കുതറിയോടുന്ന ആട്ടിന്‍കുട്ടി
വഴികളെക്കുറിച്ച് വേവലാതിപ്പെടാറില്ല ..

ചിലപ്പോള്‍ ഓരോ മരണത്തിനും മുന്‍പേ
അവസാനത്തെ ഒരു പിടച്ചില്‍..

വെയിലത്ത് കുഴഞ്ഞു വീണ
നാടോടിയുടെ മലച്ച നോട്ടം
'വെള്ളം വെള്ളം ' എന്നാണു
ചോദിച്ചതെന്നറിയാന്‍
ഭാഷ അറിയണമെന്നില്ല.

നീ സ്വപ്നത്തില്‍ കയറിവന്നു
വിളിച്ചു പറഞ്ഞതെല്ലാം മനസ്സിലായത്‌
ശബ്ദം കേട്ട് തന്നെയാണോ?

സീറ്റിലെ പിടിവിട്ട യാത്രയാവില്ല
ഫുട് ബോര്‍ഡിലെ ഒറ്റക്കാല്‍ യാത്ര..

ചില മീനുകള്‍ അങ്ങനെ ആവണം,
ചൂണ്ടക്കൊരുക്കില്‍ കുരുങ്ങാതെ
കത്തി മൂര്‍ച്ചയില്‍ ഒതുങ്ങാതെ
ഇറച്ചി, മുള്ള് വേര്‍പെടാതെ
വഴുതിയങ്ങു പോകും...

ഇടയ്ക്ക് ഇറുക്ക്‌ കാലന്‍ ഞണ്ടായി
പുറകോട്ടു പുറകോട്ടോടി
കല്ലിടുക്കില്‍ ഒളിച്ചിരിക്കും...

പലപ്പോഴും അതെനിക്ക്
എന്നോട് തന്നെയുള്ള സമരമാണ്..
തോറ്റു തൊപ്പിയിടുന്ന ഒരു കളി..!!!





Thursday, November 12, 2009

കണ്ണി...

മൂന്നാമത്തെ കണ്ണ് മുളച്ചപ്പോള്‍ അവര്‍
അവളെ ആദ്യം മുക്കണ്ണി എന്ന് വിളിച്ചു.

പിന്നെപ്പിന്നെ കണ്ണി എന്ന് മാത്രമായി.

ഒരിക്കലും ഉറങ്ങാത്ത പോളയില്ലാ കണ്ണിനെ കുറിച്ച്
അതിന്‍റെ കാഴ്ചകളെ കുറിച്ച്
അവര്‍ അസൂയപ്പെട്ടു

എന്തൊക്കെയാവും കാണുകയെന്ന്
ആശ്ചര്യപ്പെട്ടു.

പറയാന്‍ പാടില്ലെന്ന് പറഞ്ഞു വെച്ചവ
പറയാന്‍ തുടങ്ങിയപ്പോള്‍,
പറഞ്ഞതെല്ലാം അറം പറ്റിയപ്പോള്‍
കരിങ്കണ്ണി എന്ന് വിളിച്ചു തുടങ്ങി.

എപ്പോഴോ, കാഴ്ചകള്‍
വേറെവേറെയെന്നറിഞ്ഞുകൊണ്ടാവണം
കള്ളി എന്ന് മാത്രമായി
പിന്നെ വിളികള്‍.
കള്ളി...!!!

Monday, November 9, 2009

പ്രണയത്തിന്റെ ഫോസില്‍...

ഓര്‍മ്മയിലെവിടെയോ ഒട്ടിക്കിടന്ന
ഒരു ചെതുമ്പലിനെ കുറിച്ചുള്ള
അന്വേഷണങ്ങളാണ്
ഒരു കടലിനെ ഓക്കാനിപ്പിച്ചത്...

വരച്ചു വെച്ച
അക്ഷാംശ രേഖാംശങ്ങള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടിയത്‌...
ഒരു വേനലില്‍
വെന്താവിയായായ്‌ പോയത്...
പിന്നീടൊരിക്കല്‍
മഴയായ്‌ നിറഞ്ഞു പെയ്തത്...
അങ്ങനെ
ഏതോ ധ്രുവത്തില്‍
മഞ്ഞായ്‌ ഉറഞ്ഞു പോയത്..

ഒറ്റയ്ക്കാവുന്ന രാത്രികള്‍
ചിലപ്പോള്‍
വിരലുകള്‍ പോലെ തന്നെ ആവണം..
തൊണ്ടയില്‍
ചുമ്മാ ഇളകിക്കൊണ്ടേയിരിക്കും..
ഓക്കാനിപ്പിച്ചേക്കും...


Friday, November 6, 2009

അടയ്ക്കാത്ത ജനാല...

നഗരത്തില്‍ ജീവിക്കുമ്പോള്‍
ഒരു നഗരം
ഞാനെന്‍റെയുള്ളിലും വളര്‍ത്തുന്നു...

അഴുക്കുചാല്‍ കാറ്റെത്തുന്ന
പടിഞ്ഞാറെ ജനാല
ഓക്കാനിക്കുമ്പോള്‍
ഞാന്‍ അടച്ചു വെക്കുന്നു...

ഒതുക്കി വെക്കാത്ത, ചേരിയുടെ
പച്ച വിളിച്ചു കൂവലുകള്‍
വടക്കേ ജനാലയോട് ചേര്‍ത്ത് ഞാന്‍
വലിച്ചടയ്ക്കുന്നു...

കളര്‍ വെളിച്ചത്തില്‍
സ്പ്രേ പൂശിയ ഹൈവേയെ
കിഴക്കേ ജനാലപ്പാളി കൊണ്ട്
ഞാന്‍ മറച്ചു വെയ്ക്കുന്നു..

രാത്രി, ഒറ്റയ്ക്കിരിക്കുമ്പോള്‍
കണ്ണില്‍, മൂക്കില്‍
നഗരത്തെ ഞാന്‍ തുടച്ചെടുക്കുന്നു...

അടയ്ക്കാതെ വെച്ച
തെക്കേ ജനാലയ്ക്കല്‍
അറിയാതെ ഞാനും നഗരമാകുന്നു....